സമ്പാദ്യം


ഞാന്‍ ഒരു സാധാരണക്കാരന്‍, വീടും വീട്ടുകാരെയും വിട്ടു, നാടും നാട്ടുകാരെയും വിട്ടു, ഒരുപാടു കാലം അധ്വാനിച്ചു കുറേ സമ്പാദ്യങ്ങളുണ്ടാക്കിയവന്‍. സമ്പാദ്യങ്ങള്‍ കുമിഞ്ഞുകൂടിയിട്ടും, മതിയാക്കാറായില്ലേ എന്നു മനസ്സു ഇടക്കു ഓര്‍മിപ്പിച്ചിട്ടും മക്കളെയോര്‍ത്ത് ഞാന്‍ സമ്പാദിച്ചുകൊണ്ടിരുന്നു. ഒടുവില്‍ വാര്‍ധക്യം അവശനാക്കിയതുകൊണ്ട് മാത്രം തിരികെ ഞാനെന്റെ കൂടണഞ്ഞു. സമ്പാദിച്ചതും കൊണ്ട് കുടും‌ബാധികളുമായി സമാധാനമായി കഴിയാന്‍ വന്ന എന്റെ അടുക്കലേക്ക് അവര്‍ വന്നു. വാക്കും നാക്കും ആയുധമാക്കിയ അവര്‍ എന്റെ മക്കള്‍ തന്നെയായിരുന്നു. വാക്കുകളുടെ മൂര്‍ച്ച ഹൃദയത്തെ നോവിച്ചപ്പോള്‍ ഞാനുണ്ടാക്കിയ ചെറിയ സമ്പാദ്യങ്ങളെല്ലാം ഞാനെന്റെ വലിയ സമ്പാദ്യങ്ങള്‍ക്കു വീതിച്ചു നല്‍കി. എന്റെ സമ്പാദ്യങ്ങള്‍ക്കു വേണ്ടി ആര്‍ത്തിപൂണ്ട് കടിപിടി കൂടുമ്പോഴും അവര്‍ക്കു വേണ്ടാത്തതായി ഒന്നുണ്ടായിരുന്നു, അത് ഞങ്ങളെതന്നെയായിരുന്നു...
ഒടുവില്‍ ഒരു ആര്‍ത്തിയും ഇല്ലാതെ ഞങ്ങളെ അവര്‍ ഞാനെന്നും അവളെന്നും രണ്ടായി പകുത്തു. പിന്നീട് ദിവസക്കണക്കില്‍ തുല്യമായി വീതിച്ചെടുത്തു. വൃദ്ധസദനത്തില്‍ കഴിയുന്നത് അവരുടെ സ്റ്റാറ്റസിനു മോശമാണ്‌ എന്നവര്‍ പറഞ്ഞത് കൊണ്ട് മരിക്കുന്നതിനു മുമ്പുള്ള എന്റെ ദിവസങ്ങളെ ഞാനവര്‍ക്ക് വിഭജിച്ചുകൊടുത്തു. ഇപ്പോള്‍ ഞാനെന്റെ കൗമാരത്തിലാണ്‌, കാരണം ഇന്നെനിക്ക് സ്വന്തമായി വീടോ നാടോ ഇല്ല. മക്കളുടെ കണക്കൊപ്പിക്കാന്‍ ഇന്നു ഞാന്‍ ഒരു വീട്ടില്‍ നിന്നും മറ്റൊന്നിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഇടയ്ക്ക് കണക്കുകള്‍ തെറ്റുന്നത് കൊണ്ട് മക്കള്‍ തമ്മില്‍ ശണ്ഠ കൂടുന്നത് കാണേണ്ടിവരുന്ന ഞാന്‍ ഇപ്പോള്‍ ഒരു കാര്യമേ ദൈവത്തോട് ആവശ്യപ്പെടാറുള്ളൂ - എന്റെ മരണദിവസം എന്നെ മുന്‍‌കൂട്ടി ഒന്നറിയിച്ചു തന്നിരുന്നെങ്കില്‍ എന്റെ ദിവസങ്ങള്‍ എന്റെ മക്കള്‍ക്ക് കൃത്യമായി വീതിച്ചു നല്‍കാമായിരുന്നു, കാരണം ഇപ്പോഴും എനിക്കു ജീവിച്ചു കൊതിതീര്‍ന്നിട്ടില്ല...!!!

2 comments:

kARNOr(കാര്‍ന്നോര്) said...

ഇപ്പോള്‍ ഞാനെന്റെ കൗമാരത്തിലാണ്‌

Shaharas.K said...

കാര്‍ന്നോരും കൗമാരത്തില്‍ തന്നെയാണോ? അതെന്തു പറ്റി?

ഒരു കമന്റ് എഴുതിയിട്ടു പോയാല്‍ പോരേ?